This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെമര്‍, വില്യം റാന്‍ഡാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രെമര്‍, വില്യം റാന്‍ഡാല്‍

Cremer, William Randal (1828 - 1908)

വില്യം റാന്‍ഡാല്‍ ക്രെമര്‍

നോബല്‍ സമ്മാന ജേതാവായ (1903) ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ നേതാവും സമാധാന പ്രവര്‍ത്തകനും. 1828 മാ. 8-ന് ഇംഗ്ലണ്ടിലെ ഹാംപ്ഷയറില്‍ ജനിച്ചു. 15-ാം വയസ്സില്‍ അമ്മാവനുമൊത്ത് കെട്ടിടംപണിയില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഒരു മുഴുവന്‍സമയ മരപ്പണിക്കാരനുമായി. ഇക്കാലയളവില്‍ ഒട്ടേറെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഇദ്ദേഹത്തിന് അവസരമുണ്ടായി. ഒരിക്കല്‍ ഒരു പ്രാസംഗികനില്‍ നിന്നും കേള്‍ക്കാനിടയായ 'അന്താരാഷ്ട്ര പ്രശ്നങ്ങള്‍ കോടതികള്‍ക്കതീതമായി സംഭാഷണത്തിലൂടെ സമാധാനപൂര്‍വം പരിഹാരം കാണാം' എന്ന വാക്കുകള്‍ ക്രെമറില്‍ വമ്പിച്ച സ്വാധീനം ചെലുത്തുകയുണ്ടായി.

1852-ല്‍ ഇംഗ്ലണ്ടിലേക്കു തിരിച്ച ക്രെമര്‍ ക്രമേണ പൊതു സമൂഹത്തിന്റെ വക്താവായിമാറിത്തുടങ്ങി. 30-ാം വയസ്സില്‍ ഒരു കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ട്രേഡ് യൂണിയന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളായിത്തീര്‍ന്നുവെങ്കിലും വിപ്ലവകാരികള്‍ ആ സംഘടനയില്‍ സ്വാധീനമുറപ്പിക്കുന്നുവെന്നറിഞ്ഞപ്പോള്‍ പിന്‍വാങ്ങി.

1860-ല്‍ മരപ്പണിക്കാരുടെ സംഘടനയായ ദി അമാല്‍ഗമേറ്റഡ് സൊസൈറ്റി ഒഫ് കാര്‍പ്പന്റേഴ്സ് സ്ഥാപിച്ച ഇദ്ദേഹം, 1870-71 കാലയളവില്‍ നടന്ന ഫ്രാങ്കോ-ജര്‍മന്‍ യുദ്ധത്തില്‍ ബ്രിട്ടന്റെ പിന്‍വാങ്ങലിനായി ഒരു തൊഴിലാളിസമിതി രൂപീകരിച്ചു. ഈ ചെറുസംഘമാണ് പിന്നീട് അന്തര്‍ദേശീയ ശ്രദ്ധനേടിയ വര്‍ക്ക്മെന്‍സ് പീസ് അസോസിയേഷനായി രൂപംപ്രാപിച്ചത്. മരണംവരെയും ക്രെമര്‍ ഈ സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 1885-95, 1900-08 കാലയളവുകളില്‍ ബ്രിട്ടനിലെ കോമണ്‍സ് സഭാംഗമായിരുന്ന ഇദ്ദേഹത്തിന് 1907-ല്‍ നൈറ്റ് പദവി ലഭിച്ചു. സമാധാനത്തിനും സമാധാനപരമായ അന്താരാഷ്ട്ര തര്‍ക്കപരിഹാരത്തിനുമാണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത്. 1908 ജൂല. 22-ന് ക്രെമര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍